പ്രത്യക്ഷരക്ഷാ ദൈവസഭ

പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ദർശനങ്ങളെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന സന്തതികളുടെ ശബ്ദം.

ഊരൂട്ടമ്പലം ചരിത്രം

അയ്യങ്കാളി നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾ വിദ്യാഭ്യാസത്തിൽ ഒരു ജനതയുടെ ദിശ തന്നെ മാറ്റി മറിച്ചതായിരുന്നു. അയ്യങ്കാളിയും പഞ്ചമിയുടെ സ്‌കൂൾ പ്രവേശനവും കേരള നവോത്ഥാനത്തിലെ സുപ്രധാന ഏടാകുന്നതും അതുകൊണ്ടാണ്. കുടിപ്പള്ളിക്കൂടമായിരുന്ന ഊരൂട്ടമ്പലം ഗവ. യുപിഎസിലായിരുന്നു ചരിത്രം മാറ്റി മറിച്ച സമരത്തിന് അയ്യങ്കാളി തുടക്കം കുറിച്ചത്. പഞ്ചമിയെന്ന ദളിത് ബാലികയെ സ്കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് 1914-ൽ വില്ലുവണ്ടിയിൽ അയ്യൻകാളി കണ്ടല കുടിപള്ളിക്കൂടത്തിൽ എത്തുകയും പഞ്ചമിയെ സ്കൂളിൽ കയറ്റി ഇരുത്തുകയുമായിരുന്നു. ഇതിൽ കുപിതരായ സവർണ വിഭാഗങ്ങൾ അയ്യൻകാളിയുമായി സംഘർഷത്തിലാവുകയും സ്‌കൂളിന് തീയിടുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് അയ്യൻകാളിയുടെ നേതൃത്വത്തിൽ ദളിതർ ലഹള ആരംഭിക്കുകയും പിന്നീട് തിരുവിതാംകൂറിൽ ദളിതർക്ക് പഠനാവകാശം ലഭ്യമാവുകയുമായിരുന്നു. വില്ലു വണ്ടിയിലെത്തിയ അയ്യങ്കാളി പഞ്ചമിയുടെ കൈ പിടിച്ച് സ്കൂളിലേക്ക് വന്നതിന്റെ ഓർമയ്ക്കായി സ്‌കൂളിൽ പഞ്ചമി സ്മാരക മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. അന്ന് പഞ്ചമി കയറിയതിന്റെ ഭാഗമായി ജന്മിമാർ തീവച്ച സ്കൂളിൽ അവശേഷിച്ച പകുതി കത്തിയ ബെഞ്ച് ഉൾപ്പെടെയുള്ളവ മ്യൂസിയത്തിൽ കാണാം.