പ്രത്യക്ഷരക്ഷാ ദൈവസഭ
പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ദർശനങ്ങളെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന സന്തതികളുടെ ശബ്ദം.
ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ ഈ നാടിനെ വിളിക്കുന്നതിനും മുമ്പാണ്. ജാതിഭ്രാന്ത് മൂത്തവർ കുറെ മനുഷ്യരെ ഇവിടെ ആടുമാടുകളെപ്പോലെ വില്ക്കുകയും വാങ്ങുകയും തല്ലുകയും കൊല്ലുകയും ചെയ്തിരുന്നു. കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിവരെ നിലനിന്നിരുന്ന അടിമ വ്യവസ്ഥയെപ്പറ്റി പക്ഷേ, മലയാളിക്കിപ്പോഴും വലിയ അറിവില്ല. മറ്റു നാടുകളിലെ ഗാർഹിക അടിമകളല്ല, കാർഷിക അടിമകളായിരുന്നു ഇവിടെ എന്നതാവാം കാരണം. കൊളോണിയൽ ഭരണകാലത്ത് അടിമവ്യാപാരത്തിനായി രജിസ്റ്റർചെയ്ത കമ്പനികളും അടിമച്ചന്തകളും ആൾ പിടുത്തക്കാരുംവരെയുണ്ടായിരുന്നു, നമ്മുടെ നാട്ടിൽ. കൊച്ചി, പൊന്നാനി, കൊല്ലം എന്നിവിടങ്ങളിൽ വിദേശികൾവന്ന് അടിമകളെ വാങ്ങി കപ്പലുകളിൽ കയറ്റിക്കൊണ്ടുപോയി വിദേശ കമ്പോളങ്ങളിൽ വിറ്റിരുന്നു. തകിടിപ്പുറം, കൊച്ചി, ആലപ്പുഴ, ചങ്ങനാശ്ശേരി, കോവളം തുടങ്ങിയ സ്ഥലങ്ങളിൽ അടിമച്ചന്തകളുണ്ടായിരുന്നു. എ.ഡി. 849-ലെ തരിസാപ്പള്ളി ചെപ്പേടുകളിൽ അടിമ വ്യാപാര പരാമർശമുണ്ട്. ജന്മനാൽ അടിമകളായ ദളിതർ, കുറ്റവാളികളും സമുദായ ഭ്രഷ്ടരായവരും, വില കൊടുത്തു വാങ്ങുന്നവർ എന്നിങ്ങനെ മൂന്നുതരം അടിമകളുണ്ടായിരുന്നു, ഇവിടെ. അടിമകളെ വിൽക്കുന്നതിനും പണയത്തിനും പാട്ടത്തിനും കൊടുക്കുന്നതിനും കരാറുകളുമുണ്ടായിരുന്നു.
bb 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അഞ്ച് വ്യത്യസ്ത വിളംബരങ്ങളിലൂടെയാണ് അടിമസമ്പ്രദായത്തിന് അറുതിയായത്. 1812 സിസംബർ 5-ന് തിരുവിതാംകൂറിൽ അടിമക്കച്ചവടം നിറുത്തലാക്കി റാണി ഗൗരി ലക്ഷ്മിബായി വിളംബരം പുറപ്പെടുവിച്ചു. 1843-ൽ ബ്രിട്ടീഷ് ഭരണകൂടം മലബാറിലും അടിമവ്യാപാരം നിരോധിച്ചു. കച്ചവടം നിരോധിച്ചെങ്കിലും ജന്മനാ അടിമത്തത്തിലായിരുന്നവർക്ക് മോചനം ഉണ്ടായില്ല. 1853 സെപ്റ്റംബർ 15-ന് (കൊല്ലവർഷം 1029 കന്നി 30) തിരുവിതാംകൂർ രാജാവ് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ഒരു വിളംബരത്തിലൂടെ അടിമവ്യാപാരം നിരോധിച്ചു. ഈ വിളംബരം മുതിർന്നവർക്ക് ബാധകമായില്ല. അന്നുമുതൽ ജനിച്ച കുട്ടികളുടെ മോചനമേ വിളംബരത്തിൽ വ്യവസ്ഥ ചെയ്തിരുന്നുള്ളൂ. എങ്കിലും ഈ വിളംബരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അതിന്റെ വാർഷികം പ്രത്യക്ഷരക്ഷാ ദൈവസഭ ആചരിച്ചുവരുന്നു.
ഈവർഷവും വിപുലമായ പരിപാടികൾ കോട്ടയത്തും, എറണാകുളം, ഇരവിപേരൂരിലും പി.ആർ.ഡി.എസ്. നടത്തുന്നുണ്ട്. PRDS തിരുവനന്തപുരം പരിപാടികൾ നടക്കുന്നത് ഊരൂട്ടമ്പലം വച്ചാണ്
അടിമകളുടെ സമ്പൂർണ വിമോചനം മുൻനിർത്തി കൊച്ചി ഗവൺമെൻറ് 1855-ൽ അടിമവ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചു. 1855 ജൂൺ 24-ന് (മലയാള വർഷം 1030 മിഥുനം 12) ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ തിരുവിതാംകൂറിൽ രണ്ടാം അടിമവ്യാപാര നിരോധനം വിളംബരം ചെയ്തതോടെ മനുഷ്യത്വ വിരുദ്ധമായ അടിമത്ത ദുരാചാരത്തിന് അറുതിയായി. കേരള സംസ്ഥാനം നിലവിൽവന്നശേഷം 1976-ൽ അടിമപ്പണി നിർത്തലാക്കി സർക്കാർ നിയമം കൊണ്ടുവരികയുംചെയ്തു.